---
title: "നൈപുണ്യ വികസന പദ്ധതി; 13 പേർക്ക് പ്രമുഖ കമ്പനികളിൽ ജോലി, നിയമന ഉത്തരവുകൾ വിതരണം ചെയ്തു"
english_title: "Skill Development Project Kannur 13 Students Get Jobs In Top Companies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382645/kannur-skill-development-project-13-students-get-jobs-13092026`"
published_at: "2026-09-15T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa88499e9eb5_1000291576.jpg"
keywords: ["Kannur", "Binoykuriyan"]
---

# നൈപുണ്യ വികസന പദ്ധതി; 13 പേർക്ക് പ്രമുഖ കമ്പനികളിൽ ജോലി, നിയമന ഉത്തരവുകൾ വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ**: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പും എൻ.ടി.ടി.എഫ് തലശ്ശേരിയും സഹകരിച്ച് നടപ്പിലാക്കിയ സ്കിൽ ട്രെയിനിംഗ് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ 13 വിദ്യാർത്ഥികൾക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു. നിയമനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിതരണം ചെയ്തു.

## Article Content

**കണ്ണൂർ**: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പും എൻ.ടി.ടി.എഫ് തലശ്ശേരിയും സഹകരിച്ച് നടപ്പിലാക്കിയ സ്കിൽ ട്രെയിനിംഗ് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ 13 വിദ്യാർത്ഥികൾക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു. നിയമനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിതരണം ചെയ്തു.

പത്ത് മാസം ദൈർഘ്യമുള്ള കൺവെൻഷണൽ ആൻഡ് സി.എൻ.സി മെഷിനിസ്റ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ജോലി ലഭിച്ചത്. ടാറ്റ ഇലക്ട്രോണിക്സ്- ഹൊസൂർ, ഇന്നവേറ്റ് എയ്റോസ്പേസ് സൊല്യൂഷൻസ്- ബംഗളൂരു, ടോപ്പ് ഫ്ലൈറ്റ് കോംപോണന്റ്സ്- മൈസൂരു, മെക്ക് ഇൻഫിനിറ്റി എൻജിനീയറിംഗ്, ബംഗളൂരു തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് നിയമനം.

സാങ്കേതിക പരിശീലനത്തോടൊപ്പം വ്യവസായ മേഖലയിലെ തൊഴിൽ സാധ്യതകൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുകയും പരിശീലനം പൂർത്തിയാക്കിയവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി എണ്ണച്ചേരിയിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബ്ന ടി., വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രൻ, സെക്രട്ടറി പ്രസാദ് പി.ടി., എൻ.ടി.ടി.എഫ്. പ്രിൻസിപ്പാൾ സരസ്വതി വി.എം., അസിസ്റ്റന്റ് മാനേജർ വികാസ് പി. എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ.പി. രാധാകൃഷ്ണൻ സ്വാഗതവും വി.വി. സതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382645/kannur-skill-development-project-13-students-get-jobs-13092026`)